---
title: "ഓപ്പറേഷൻ തൂഫാൻ: ബംഗളുരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിയ മുഖ്യ സൂത്രധാരൻ ഇരിട്ടി പൊലിസിന്റെ പിടിയിൽ"
english_title: "Operation Thoofan: Iritty Police Arrest Drug Mafia Kingpin from Bengaluru"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375071/iritty-police-arrest-drug-kingpin-bengaluru-operation-thoofan-2026`"
published_at: "2026-07-28T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a683fa8bf047_1000198274.jpg"
keywords: ["Iritty Police", "Operation Thoofan", "Drug Mafia", "Methamphetamine", "Bengaluru"]
---

# ഓപ്പറേഷൻ തൂഫാൻ: ബംഗളുരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിയ മുഖ്യ സൂത്രധാരൻ ഇരിട്ടി പൊലിസിന്റെ പിടിയിൽ

> **Lead Summary:** **ഇരിട്ടി**: മയക്കുമരുന്ന് മാഫിയകൾക്കെതിരെ കേരള പൊലിസ് ശക്തമാക്കിയ 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി ബംഗളുരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് മാരക മയക്കുമരുന്ന് കടത്തിയ കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ.

## Article Content

**ഇരിട്ടി**: മയക്കുമരുന്ന് മാഫിയകൾക്കെതിരെ കേരള പൊലിസ് ശക്തമാക്കിയ 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി ബംഗളുരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് മാരക മയക്കുമരുന്ന് കടത്തിയ കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ.

ബംഗളുരു ഭുവനേശ്വരി നഗർ സ്വദേശി അമീർ ബാഷ (22)യെയാണ് ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഭുവനേശ്വരി നഗറിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ടൂറിസ്റ്റ് ബസിൽ മെത്താംഫെറ്റാമിൻ കടത്തിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി പടിയൂർ സ്വദേശി ഡെന്നി എബ്രഹാമിനെയും രണ്ടാം പ്രതി കരിക്കോട്ടക്കരി സ്വദേശി ഫസലുദ്ദീനെയും ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ സൂത്രധാരനെ കുറിച്ചുള്ള വിവരം പൊലിസിന് ലഭിച്ചത്.

ഇരിട്ടി പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണി പിടിയിലായത്.

കേരളത്തിലേക്ക് മെത്താംഫെറ്റമിൻ എത്തിക്കുന്നതിന് രണ്ടാം പ്രതി ഫസലുദ്ദീൻ മൂന്നാം പ്രതി അമീർ ബാഷയുമായി ബന്ധപ്പെട്ടു. തുടർന്ന് അമീർ ബാഷ ബംഗളുരുവിൽ നിന്ന് മെത്താംഫെറ്റമിൻ വാങ്ങി ഒന്നാം പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ഡെന്നി എബ്രഹാമിന് നൽകുകയായിരുന്നു എന്നാണ് പൊലിസ് പറയുന്നത്.

ബംഗളുരുവിൽ നിന്ന് ഒന്നാം പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയതിൽ അമീർ ബാഷയുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റ്.

അന്വേഷണ സംഘത്തിൽ എ.എസ്.ഐ ബിജു, സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ ഷിജിത്ത്, ആദർശ്, എസ്.പിയുടെ ലഹരി വിരുദ്ധ സേനയിലെ അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375071/iritty-police-arrest-drug-kingpin-bengaluru-operation-thoofan-2026`)